അസ്സലാമു അലൈക്കും ചിലക്കൂര്‍ മുസ്ലിം ചരിത്രങ്ങളിലൂടെ ഒന്നാം ഭാഗം പ്രസിദ്ധീകരിച്ചു ഈ സൈറ്റിന്റെ ലിങ്ക് നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് കൈമാറുക ഇവിടെ എത്തുന്നവര്‍ ഒരു അഭിപ്രായം എഴുതാന്‍ മറക്കില്ലല്ലോ

ഇസ്ലാം അറിവുകള്‍

….

ഡോക്ടര്‍ മീന
അന്വേഷണങ്ങള്‍ക്കൊടുവില്‍

ഒരു യാഥാസ്ഥിക ബ്രാഹ്മണ കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്‌. അച്ഛന്റെ രണ്ടു തലമുറ മുമ്പുള്ളവര്‍ പാലക്കാട്ടായിരുന്നു. ഒരു ജ്യേഷ്ടത്തിയടക്കം ഞങ്ങള്‍ രണ്ടു മക്കളാണ് ഉള്ളത്. അമ്പലത്തില്‍ പോക്കും മറ്റു ആചാരാനുഷ്ടാനങ്ങളും കൊണ്ട് നടക്കുന്ന കുടുംബത്തില്‍ ഞാനും ആ സംസ്കാരത്തില്‍ വളര്‍ന്നു. സ്കൂള്‍ പഠനകാലത്ത്‌ ഇതര മതങ്ങളെ കുറിച്ച് എനിക്ക് യാതൊരറിവും ഉണ്ടായിരുന്നില്ല. എന്‍ട്രന്‍സ് കിട്ടി മെഡിക്കല്‍ കോളേജില്‍ വന്നതിനു ശേഷമാണ് ഇന്ത്യയില്‍ പ്രധാനപെട്ട ചില മതങ്ങള്‍ ഉണ്ടെന്നും അവയ്ക്ക് വ്യത്യസ്ത വിശ്വാസ -അചാരാനുഷ്ടാനങ്ങള്‍ ഉണ്ടെന്നും ഞാന്‍ തിരിച്ചറിയുന്നത്. എന്താണ് ജീവിതലക്ഷ്യം, വ്യത്യസ്ത മതങ്ങളില്‍ അതിനെക്കുറിച്ച്‌ എന്ത് പറയുന്നു എന്നറിയാനുള്ള താത്പര്യം മുന്നാം വര്‍ഷ എം.ബി.ബി.എസിന് പഠിക്കുമ്പോഴാണ് എന്നില്‍ വളര്‍ന്നത്‌. ആദ്യം ഭഗവത്ഗീത പഠിക്കാന്‍ തീരുമാനിച്ചു.അതിനു വേണ്ടി ഗീതാ ക്ലാസ്സില്‍ പോവാന്‍ തുടങ്ങി. കുറെ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടിയാണ് പഠനം തുടങ്ങിയത്. എന്നാല്‍ കൂടുതല്‍ സങ്കീര്‍ണ്ണമായ ചോദ്യങ്ങളല്ലാതെ ഉത്തരം കണ്ടെത്താന്‍ ആയില്ല. അവസാന വര്‍ഷത്തില്‍ എത്തിയപ്പോള്‍ ‘കണ്‍ഫ്യൂഷന്‍’ അതിന്‍റെ പാരമ്യതയിലെത്തി.


മുസ്‌ലിം സുഹൃത്തുക്കള്‍ പറഞ്ഞു തരാറുണ്ടായിരുന്ന കാര്യങ്ങള്‍ അവഗണിച്ചിരുന്ന ഞാന്‍ അവരെന്തു പറയുന്നു എന്ന് കേട്ട് തുടങ്ങി. ഇസ്‌ലാം വിഭാവനം ചെയ്യുന്ന ഒരുപാട് കാര്യങ്ങള്‍ എനിക്ക് ആകര്‍ഷകമായി തോന്നി. അതോടെ ഇസ്‌ലാമിനെ കുറിച്ച് കൂടുതല്‍ പഠിച്ചു തുടങ്ങി.മറ്റു തത്വശാസ്ത്രങ്ങളുമായി ഇസ്‌ലാമിനെ തട്ടിച്ചു നോക്കി ചെറിയൊരു പഠനം നടത്തി. ഇങ്ങനെയുള്ള അന്വേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കുമൊടുവില്‍ ഞാന്‍ ഇസ്‌ലാം ആശ്ലേഷിക്കുകയായിരുന്നു. അതിന്‍റെ മാസ്മരിക വലയത്തില്‍ ഞാന്‍ അകപ്പെട്ടിരുന്നു. അതിന്‍റെ അഭാവത്തില്‍ ജീവിക്കാന്‍ കഴിയില്ല എന്ന അവസ്ഥ!

ഇസ്‌ലാംആശ്ലേഷിച്ചശേഷം ദൈവാനുഗ്രഹത്താല്‍ പ്രതീക്ഷിച്ചതുപോലുള്ള പ്രശ്നങ്ങളൊന്നും ഉണ്ടായില്ല. ഇസ്ലാമിലേക്ക്കടന്നുവരുന്ന പലരും നേരിടുന്ന പരീക്ഷണങ്ങള്‍ നോക്കുമ്പോള്‍ എനിക്ക് ഒന്നും തന്നെ ഉണ്ടായിട്ടില്ല എന്നതാണ് സത്യം. എടുത്തു പറയാവുന്ന കാര്യം എന്താണെന്ന് വെച്ചാല്‍, എന്‍റെ അച്ഛനും അമ്മയും ഇപ്പോഴും വല്ലാതെ വേദനിക്കുന്നുവെന്നാണ്‌. ഇസ്‌ലാമിനെ കുറിച്ച് യാതൊന്നും കേള്‍ക്കാന്‍ അവര്‍ തയാറാകുന്നില്ല.


ഇസ്ലാമില്‍ എന്നെ ഏറ്റവും അധികം ആകര്‍ഷിച്ചത് ഏകദൈവ വിശ്വാസം ആണു. അല്ലാഹു ഈപ്രപഞ്ചത്തെ സൃഷ്ടിച്ചതിനു ഒരു ലക്ഷ്യമുണ്ട്; വൃഥാ സൃഷ്ടിച്ചതല്ല. മനുഷ്യ ജീവിതത്തിനും ഒരു ലക്ഷ്യമുണ്ട്. അതെന്തെന്നു. ഇസ്‌ലാം കൃത്യമായി വരച്ചു കാട്ടുന്നു. മനുഷ്യ ജീവിതത്തെ ആസകലം ചൂഴ്ന്നുനില്‍ക്കുന്ന നിയമ നിര്‍ദേശങ്ങളും പ്രായോകികമായ കര്‍മ്മമാര്‍ഗങ്ങളും വിവരിക്കുന്ന മറ്റേതൊരു തത്വശാസ്ത്രമാണ് ഈ ലോകത്തുള്ളത്? ആര്‍ക്കും ഏതാശയവും ഉത്തമമെന്നു പറയാന്‍ കഴിയും. എന്നാല്‍ തെളിയിക്കാന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല. ഇസ്‌ലാം ദൈവിക മതമാണ്; അതുകൊണ്ട് തന്നെ അതിന്‍റെ ആശയാദര്‍ശങ്ങള്‍ ഉദാത്തവും അന്യൂനവുമാണ്.


നബി(സ)യുടെ ജീവിതവും എന്നെ വല്ലാതെ ആകര്‍ഷിച്ചു. ഉത്തമമായ സ്വഭാവത്തിന്‍റെ ഉടമ എന്നാണു അദ്ദേഹത്തെ ഖുര്‍ആന്‍ പരിചയപെടുത്തുന്നത്. മുഹമ്മദ്‌ നബി(സ)യെ യുക്തിവാദികളും മറ്റും പല രീതിയില്‍ വിമര്‍ശിക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. നബി(സ) യുടെ ബഹുഭാര്യത്വമാണ് എല്ലാവരും ഉന്നയിക്കുന്ന ഒരാരോപണം. അദ്ദേഹം എന്തിനാണ് ഒന്നിലധികം വിവാഹം കഴിച്ചത് എന്നത് വിശദമായി പഠിച്ചു കഴിഞ്ഞാല്‍ ദൈവത്തിന്‍റെ ദൃഷ്ടാന്തമാണ് നമുക്കതില്‍ വെളിവാകുക. ഓരോ ഭാര്യയുടെയും കാര്യം എടുത്തു നോക്കിയാല്‍ എന്തിനു വേണ്ടിയാണ് ഓരോ വിവാഹവും നടന്നെതെന്നു ബോധ്യമാകും. വിമര്‍ശിക്കാന്‍ വേണ്ടി വിമര്‍ശിക്കുകയാണ് പലരും ചെയ്യുന്നത്. യാതൊരു വിധ അനീതിയും കാണിക്കാതെ എല്ലാ ഭാര്യമാരോടും തുല്ല്യ നീതി പുലര്‍ത്തിയാണ് നബി(സ) ജീവിച്ചതെന്നും മിക്ക ഭാര്യമാരും വിധവകളും വൃദ്ധകളും ആയിരുന്നുവെന്നും വിമര്‍ശകര്‍ കാണാതെ പോകുന്ന വസ്തുതകളാണ്. ജീവിതത്തിന്‍റെ സര്‍വ മേഖലകളിലും അദ്ദേഹം മാതൃകായോഗ്യനാണ്.


ഇന്ത്യയിലെ ഇസ്‌ലാം വിമര്‍ശകര്‍ സമീപകാലത്ത് ഉന്നയിച്ച പല ആവശ്യങ്ങളും അതീവ കൗതുകകരമാണ്. വിശുദ്ധ ഖുര്‍ആനിലെ ചില സൂക്തങ്ങള്‍ എടുത്തു കളയണമെന്നായിരുന്നു ചില കേന്ദ്രങ്ങളില്‍ നിന്നുള്ള മുറവിളി. ഓരോ മതക്കാരും തങ്ങള്‍ക്കിഷ്ടമുള്ള കാര്യങ്ങളേ ഖുര്‍ആനില്‍ വരാന്‍ പാടുള്ളൂ എന്ന് ശഠിച്ചാല്‍ അത് അംഗീകരിച്ചു കൊടുക്കാന്‍ മുസ്‌ലിംകള്‍ ക്കാവില്ല. മനുഷ്യര്‍ക്ക്‌ ദീര്‍ഘദൃഷ്ടി കുറയും. അവര്‍ക്ക് ചുരുങ്ങിയ പരിധിക്കുള്ളില്‍ നിന്നെ ചിന്തിക്കാന്‍ കഴിയൂ. അവനവന്‍റെ താത്പര്യങ്ങള്‍ക്ക് വേണ്ടി ഇന്ന സൂക്തംനീക്കണം; അദ്ധ്യായം നീക്കണം എന്ന്പറയുന്നത് സങ്കുചിതത്വമാണ്‌. യുദ്ധത്തെ കുറിച്ച് പരാമര്‍ശിക്കുന്ന ചില സൂക്തങ്ങള്‍ നീക്കം ചെയ്‌താല്‍ സാമുദായിക സൗഹാര്‍ദ്ദമുണ്ടാകും; പ്രസ്തുത സൂക്തങ്ങളാണ് സൗഹാര്‍ദ്ദം തകര്‍ക്കുന്നത്, എന്നൊക്കെയാണ് അവര്‍ പറയുന്നത്. ഇസ്‌ലാം എന്താണെന്നും ഖുര്‍ആന്‍ മുന്നോട്ടുവെക്കുന്ന ആദര്‍ശം എന്താണെന്നും മനസ്സിലാക്കാത്തതു കൊണ്ടോ, മനസ്സിലാക്കിയിട്ടും സ്വാര്‍ത്ഥ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയോ ആണ് ഇത്തരം ആവശ്യങ്ങള്‍ അവര്‍ മുന്നോട്ടുവെക്കുന്നത്. യഥാര്‍ഥത്തില്‍ തമ്മില്‍ കലഹിച്ചു ജീവിക്കാന്‍ ഖുര്‍ആന്‍ പറയുന്നില്ല. എല്ലാവരുടെയും സമാധാനപരമായ ജീവിതമാണ് അത് വിഭാവനം ചെയ്യുന്നത്.


ഇസ്‌ലാമില്‍ സ്ത്രീ സ്വാതന്ത്ര്യമില്ല എന്നാണു മറ്റു ചില വിമര്‍ശകര്‍ പറയുന്നത്. ഇസ്‌ലാം ആശ്ലേഷിച്ചസ്ത്രീ എന്നനിലയില്‍ ഈ വിമര്‍ശനം അടിസ്ഥാന രഹിതമാണെന്ന് എനിക്ക് പറയാന്‍ കഴിയും. ഇസ്‌ലാം സ്വീകരിച്ചു തന്നെയാണ് ഒരു കുടുംബവും സമൂഹവും ജീവിക്കുന്നതെങ്കില്‍ ആ വ്യവസ്ഥിദിയില്‍ സ്ത്രീക്കു അവള്‍ അര്‍ഹിക്കുന്ന സ്വാതന്ത്ര്യം എന്തായാലും ഉണ്ടാവും. മറ്റു മതഗ്രന്ഥങ്ങള്‍ സ്ത്രീക്കു നല്‍കുന്നതിനേക്കാള്‍ സ്ഥാനം ഇസ്‌ലാം സ്ത്രീക്കു നല്‍കുന്നുണ്ട്. അതറിയാതെ, ഇന്നത്തെ സാമൂഹിക വ്യവസ്ഥ പരിഗണിചിട്ടാണ് പലരും ഇസ്‌ലാമിനെ കുറ്റപെടുത്തുന്നത്. കേരളത്തിലെ മുസ്‌ലിം സ്ത്രീകള്‍ വിദ്യാഭ്യാസ രംഗത്തും മറ്റും മറ്റുള്ളവരെ അപേക്ഷിച്ച് പിന്നോക്കമാണെന്നു സത്യമാണ്. അതിനു കാരണം ഇസ്ലാമല്ല. വിജ്ഞാന സമ്പാദനം പുരുഷനും സ്ത്രീക്കും ബാധ്യതയായി നിശ്ചയിച്ച മതമാണ്‌ ഇസ്‌ലാം. പുതിയ തലമുറയില്‍ ആശാവഹമായ മാറ്റമുണ്ടായി കൊണ്ടിരുന്നുവെന്നതും നാം കാണേണ്ടതുണ്ട്.


പാശ്ചാത്യ വനിതയെപോലെ വീടും കുടുംബവും ഉത്തരവാദിത്തങ്ങളുമൊക്കെ വലിച്ചെറിഞ്ഞു ഇറങ്ങി തിരിക്കെണ്ടവള്‍ അല്ല മുസ്‌ലിം സ്ത്രീ. അവള്‍ക്കു അവളുടേതായ ഉത്തരവാദിത്തങ്ങളുണ്ട്. അതിനെ കുറിച്ച് ദൈവ സന്നിധിയില്‍ അവള്‍ ചോദിക്കപെടും.സ്ത്രീക്ക് ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യം ഇസ്‌ലാം നിഷേധിക്കുന്നില്ല. അത് തന്‍റെപ്രാഥമിക ദൗത്യംഒഴിവാക്കി കൊണ്ടാവരുത് എന്നുമാത്രം. ഇസ്‌ലാം സ്ത്രീക്ക്സ്വാതന്ത്ര്യം നല്‍കുകയും ആ സ്വാതന്ത്ര്യം എങ്ങേനെയൊക്കെ ഉപയോഗപെടുത്തണമെന്നു പറഞ്ഞു തരികയും ചെയ്തിട്ടുണ്ട്.


ഹിന്ദു സ്ത്രീകളും പുറത്തിറങ്ങുകയും ജോലി ചെയ്യുകയും ചെയ്യാന്‍ തുടങ്ങിയിട്ട് കൂടുതല്‍ കാലമൊന്നും ആയിട്ടില്ല. കൂടുതല്‍ സുഖസൗകര്യങ്ങളോടെ ജീവിക്കാനും ഭര്‍ത്താവിന്‍റെ ജോലിഭാരം കുറയ്ക്കാനുമാണ് പലരും ജോലിക്ക് പോകുന്നത്. അതിനൊക്കെ അവളെ ഉപയോഗിക്കുകയും അതെ സമയം വീട്ടുകാര്യങ്ങളില്‍ അവളോട്‌ സഹകരിക്കാതിരിക്കുകയും അവളെ കുറ്റം പറയുകയും ചെയ്യുന്ന ആളുകളെ ഞാന്‍ കണ്ടിട്ടുണ്ട്. സ്ത്രീ അതൊക്കെ സഹിക്കുകയും ചെയ്യും!


ചെറുപ്പം മുതല്‍ തന്നെ, സ്ത്രീ അവളുടെ അവകാശങ്ങള്‍ മനസ്സിലാക്കണമെന്ന് തോന്നിയിട്ടുള്ള ആളാണ്‌ ഞാന്‍. പക്ഷെ,അവകാശം എന്താണെന്ന് അന്നൊന്നും കൃത്യമായി മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. ദൈവികമായ മാര്‍ഗ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ മാത്രമേ അവ മനസിലാക്കാന്‍ കഴിയൂ. ഇസ്‌ലാം അവ കൃത്യമായി വിവരിച്ചിട്ടുണ്ട്. അതിന്‍റെ അടിസ്ഥാനത്തില്‍ ജീവിക്കുന്ന ഒരു മുസ്‌ലിം സ്ത്രീ, അവള്‍ ഏതു രാജ്യക്കാരിയായിരുന്നാലും മാതൃകാ വനിതയായിരിക്കും.


ഈയിടെ ഏറെ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയ ഇസ്‌ലാമിക് ഫെമിനിസത്തെ കുറിച്ച് ചില കാര്യങ്ങള്‍ സൂചിപ്പിക്കാനുണ്ട്. സ്ത്രീയുടെ അവകാശ സംരക്ഷണത്തിനു വേണ്ടി നിലവില്‍ വന്ന പ്രസ്ഥാനമാണ് ‘ഫെമിനിസ്റ്റിക് മൂവ്മെന്‍റ്’. അതിന്‍റെയൊരു അതിരുകടന്ന രൂപമാണ് സ്ത്രീ-പുരുഷ സമത്വവാദം. സ്ത്രീയുടെ കടമകള്‍ മറന്നുകൊണ്ട് അവകാശങ്ങള്‍ക്ക് വേണ്ടി മാത്രം വാദിക്കുക, പുരുഷന്‍റെ കൂടെ എല്ലാ കാര്യങ്ങളിലും ഇടപെടുക, ഇതു വഴിപിഴച്ച വാദമാണ്. എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം ആണിനും പെണ്ണിനും നന്നല്ല. ഇസ്‌ലാം സ്ത്രീക്ക് നല്‍കുന്ന അവകാശങ്ങളും അവളോട്‌ അനുസരിക്കാന്‍ പറയുന്ന ധാര്‍മിക മൂല്യങ്ങളും വലിച്ചെറിഞ്ഞു പാശ്ചാത്യ വനിതകളെ പോലെ ജീവിക്കാന്‍ ‘ഇസ്‌ലാമിക് ഫെമിനിസം’ എന്ന മൂടുപടമണിഞ്ഞു വന്നവര്‍ പറഞ്ഞാല്‍ അതില്‍ വഞ്ചിതരാകുന്നവരല്ല കേരളത്തിലെ മുസ്‌ലിം വനിതകള്‍.


ഇസ്‌ലാം നല്‍കുന്ന സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന സ്ത്രീകള്‍ അതിനു വേണ്ടി ശബ്ദിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്. കാര്യങ്ങള്‍ പഠിച്ചു മനസ്സിലാക്കി അക്കാര്യങ്ങള്‍ ഉത്തരവാദപ്പെട്ടവരെ ബോധ്യപ്പെടുത്തി, നല്ല നിലക്കുതന്നെ നിഷേധിക്കപ്പെട്ട അവകാശങ്ങള്‍ അവള്‍ ചോദിച്ചു വാങ്ങണം; ഒരു കാരണവശാലും ബാധ്യതകള്‍ മറന്നു കൊണ്ടാവരുത് ഇതു. മുസ്‌ലിം സ്ത്രീയുടെ വസ്ത്രധാരണ രീതികളെ കുറിച്ച് എനിക്ക് പല തെറ്റിധാരണകളും ഉണ്ടായിരുന്നു. എന്തിനാണ് ഇവര്‍ ഇങ്ങനെ മൂടിപുതച്ചു നടക്കുന്നത്!പഠിപ്പില്ല, സംസ്കാരമില്ല എന്നൊക്കെ മുസ്‌ലിംസ്ത്രീകളെ കാണുമ്പോള്‍, വിദ്യാര്‍ഥിനിയായ എനിക്ക് തോന്നിയിരുന്നു. ഇസ്‌ലാമിനെ മനസ്സിലാക്കിയപ്പോള്‍ എന്‍റെധാരണകള്‍ തിരുത്തേണ്ടിവന്നു. ശരിയും തെറ്റും മനുഷ്യര്‍ തീരുമാനിക്കാന്‍ പറ്റിയ കാര്യങ്ങളല്ല. അതിനുള്ള സ്വാതന്ത്ര്യം വ്യക്തികള്‍ക്ക് കൊടുത്താല്‍ പ്രശ്നങ്ങള്‍ വര്‍ധിക്കുകയെ ഉള്ളു. ഒരുവന്‍റെ ശരി അപരന് തെറ്റായി തോന്നിയേക്കാം. അതുകൊണ്ട് തന്നെ ദൈവം എല്ലാ വിഷയങ്ങളിലും മനുഷ്യര്‍ക്ക്‌ മാര്‍ഗദര്‍ശനം നല്‍കി. മുസ്‌ലിം സ്ത്രീ എങ്ങനെ വസ്ത്രം ധരിക്കണമെന്നത് ദൈവത്തിന്‍റെ വിധിയാണ്. സ്ത്രീയുടെ സൗന്ദര്യം ഭര്‍ത്താവിനു മാത്രം ആസ്വദിക്കാനുള്ളതാണ്‌. കുടുംബത്തിന്‍റെയും സമൂഹത്തിന്‍റെയും വ്യക്തിയുടെയും നന്മക്കെല്ലാതെ തിന്മക്കു ഒരിക്കലും ഇസ്‌ലാമിക വേഷവിധാനം കാരണമാകുന്നില്ല.


സ്ത്രീ തന്‍റെ ശരീരത്തിന്‍റെ മുക്കാല്‍ ഭാഗവും പ്രദര്‍ശിപിച്ചു നടന്നാല്‍ അത് സ്വാതന്ത്ര്യം. മറച്ചു നടന്നാല്‍ അത് അടിമത്തവും! നാശത്തിലേക്ക് തള്ളിവിടുന്ന നഗ്നതാ പ്രദര്‍ശനത്തിലാണോ സ്വാതന്ത്ര്യം കുടികൊള്ളുന്നത്? തല മറച്ചു നടന്നാല്‍ ഭയങ്കര ചൂടായിരിക്കില്ലേ എന്നാണു ചില സുഹൃത്തുക്കള്‍ചോദിക്കുന്നത്. ശരിയാണ്. അല്പസ്വല്പം പ്രയാസമൊക്കെയുണ്ടാകും. ദൈവ പ്രീതിക്കുവേണ്ടി അതൊക്കെ സഹിക്കാന്‍ കഴിയണം; അതിനാണ് പ്രതിഫലമുള്ളത്‌. ഇസ്‌ലാമിക വസ്ത്രധാരണം കൊണ്ട് ആത്മ വിശ്വാസവും സ്വാതന്ത്ര്യ ബോധവുമാണ് ഉണ്ടാകുന്നതു. കയ്യോ കാലോ അനക്കിയാല്‍ നഗ്നത വെളിവാകില്ല. നിഴലടിക്കുന്ന, ശരീരത്തോട് ഒട്ടിനില്‍ക്കുന്ന വസ്ത്രംധരിക്കാന്‍ ഇസ്‌ലാം അനുവദിക്കുന്നില്ല. അതുകൊണ്ടുതന്നെ നമ്മുടെതായ കാരണം കൊണ്ട് ആരും നമ്മെ ദുഷ്ചിന്തയോടെ നോക്കുകയില്ല.


ഇസ്‌ലാമിക പ്രബോധനവുമായി ബന്ധപ്പെട്ട ചില ചിന്തകള്‍ കൂടി ഇവിടെ പങ്കു വെക്കുന്നത് ഉചിതമായിരിക്കും എന്ന് തോന്നുന്നു. പ്രബോധനം എങ്ങിനെ ചെയ്യണമെന്നു നബി(സ) പഠിപ്പിച്ചു തന്നിട്ടുണ്ട്. ആ മാര്‍ഗം തന്നെ നമ്മളും പിന്തുടരണം. കാരണം അല്ലാഹുവില്‍ നിന്നുള്ള ദിവ്യ ബോധനത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രവാചകന്‍(സ) പ്രബോധനം ചെയ്തത്. ക്രിസ്ത്യന്‍ മിഷനറിമാരെ പോലെ സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളുടെ പട്ടില്‍പൊതിഞ്ഞു ആശയപ്രചാരണം നിര്‍വഹിക്കുന്നതിന് ഇസ്‌ലാമില്‍ സാധുതയില്ല. അവനവന്‍റെ കഴിവില്‍പെട്ടിടത്തോളം മറ്റുള്ളവരെ സഹായിക്കല്‍ മുസലിമിന്റെ ബാധ്യതയാണ്. അതില്‍സംശയമില്ല. അനാഥകളോട്, അഗതികളോട്, കുടുംബങ്ങളോട്, അയല്‍ക്കാരോട്…..ഇങ്ങനെ എല്ലാവരോടും സ്നേഹത്തോടെ പെരുമാറാനും സഹായം ആവശ്യമുള്ളവരെ സഹായിക്കാനുമൊക്കെ ഇസ്‌ലാം ആവശ്യപ്പെടുന്നു. നിത്യജീവിതത്തിന്‍റെ ഭാഗമാണിതൊക്കെ. എന്നാല്‍ പ്രബോധനം വേറൊരു ബാധ്യതയാണ്. ഇസ്ലാമിന്‍റെ സന്ദേശം നമുക്ക് കഴിയുന്ന നിലക്ക് മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍പ്രത്യകിച്ചു നാം അടുത്തു പെരുമാറുന്നവര്‍ക്ക് -നമുക്ക് കടമയുണ്ട്. സാമൂഹിക പ്രവര്‍ത്തനത്തിനിടക്ക് അവസരങ്ങള്‍ കിട്ടിയാല്‍പ്രബോധനം നടത്താം. എന്നാല്‍സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഇസ്ലാമിലേക്കുള്ള ക്ഷണമല്ല. അത് സല്‍കര്‍മ്മമാണ് താനും. സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തി സാഹചര്യം മാറ്റിയെടുത്തിട്ടെ പ്രബോധനം ചെയ്യാവൂ എന്ന നിയമമൊന്നും ആരും ചമയ്ക്കേണ്ടതില്ല. ഏകദൈവ വിശ്വാസത്തിലേക്കുള്ള ക്ഷണമാണ് ഏറ്റവും മുഖ്യമായത്. അത് ചെയ്യാതെയുള്ള സല്‍കര്‍മ്മങ്ങള്‍ക്ക് ദഅവത്തിന്‍റെ പ്രതിഫലം ലഭിക്കുകയില്ല. സ്രഷ്ടാവിനെ മാത്രം ആരാധിക്കേണ്ടതിന്റെ പ്രാധാന്യവും പരലോകത്തിന്‍റെ ആവശ്യകതയും മനസ്സിലാക്കി കൊടുക്കാനുള്ള ഭൂമികയായി പ്രവാചകന്‍ സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ ചെയ്തിട്ടില്ല. സമൂഹത്തിന്റെ കണ്ണില്‍ സ്വന്തം മുഖം നന്നാക്കുവാന്‍ സല്‍കര്‍മ്മങ്ങള്‍ ചെയ്യുക എന്നത് അര്‍ത്ഥശൂന്യമാണ്; അത് ചെയ്യുന്ന വ്യക്തികളോ സംഘടനകളോ ആണെങ്കിലും ശരി. ലോകമാന്യത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ചെറിയ നിലക്കുള്ള, ദൈവത്തില്‍ പങ്കു ചേര്‍ക്കലായാണ് പ്രവാചകന്‍ (സ) പഠിപ്പിച്ചത്. മതപരിവര്‍ത്തനം നിരോധിക്കാനുള്ള ശ്രമങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നതിനെപറ്റി ഈയിടെ കേട്ടു. തികച്ചും രാഷ്ട്രീയ താത്പര്യങ്ങളാണ് ഇതിനു പിന്നില്‍. ദലിതുകളെ പോലുള്ളവരെ കൂട്ടമായി മതം മാറ്റുന്നതും ഭൗതിക വിഭവങ്ങള്‍ നല്‍കികൊണ്ടും ഭീഷണിപെടുത്തിയും മറ്റുംമതംമാറ്റുന്നതും തടയാനാണ് നിര്‍ബന്ധ മതപരിവര്‍ത്തന ബില്‍ കൊണ്ടുവരുന്നതെന്നാണ് അതിന്‍റെ അനുകൂലികള്‍ പറയുന്നത്. എന്നാല്‍ ലക്‌ഷ്യം സ്വമേധയായുള്ള മതപരിവര്‍ത്തനത്തെ പോലും നിരോധിക്കുക എന്നാണു.


ഭൗതിക താത്പര്യങ്ങള്‍ക്ക് വേണ്ടിയുള്ള മതമാറ്റം കൊണ്ട് നൈമിഷികമായ ഗുണമേ കിട്ടൂ. ഇതു ജീവിതത്തെക്കുറിച്ച് കൃത്യമായ ലക്ഷ്യമുള്ളവര്‍ക്കറിയാം. മതവും മതപരിവര്‍ത്തനവും വിഷയമാക്കിതീര്‍ത്തു വോട്ടുകള്‍ ഏകോപിപ്പിക്കുക എന്നതാണ് മതപരിവര്‍ത്തന വിരോധികള്‍ ലക്ഷ്യമാക്കുന്നത്.


ഏതുമതത്തിലും വിശ്വസിക്കാനും അതിന്‍റെ ആചാരാനുഷ്ടാനങ്ങള്‍ നിര്‍വഹിക്കാനും അത് പ്രബോധനം ചെയ്യാനുമുള്ള മൌലിക അവകാശം ഇന്ത്യന്‍ ഭരണഘടന നല്‍കുന്നുണ്ട്. ഈ അവകാശത്തെ ചോദ്യം ചെയ്യുകയാണ് സത്യത്തില്‍ ഇക്കൂട്ടര്‍ ചെയ്യുന്നത്. അംബേദക്കറിനെ പോലുള്ള നല്ല നിലക്ക് ചിന്തിക്കുന്ന ഏതാനും നേതാക്കള്‍ എഴുതിയുണ്ടാക്കിയ ഈ നിയമങ്ങള്‍ തിരുത്തി കുറിക്കാനും ഇന്ത്യയെ ഒരു ഹിന്ദു രാജ്യമാക്കാനുള്ള ശ്രമങ്ങള്‍ അണിയറയില്‍ നടക്കുന്നുണ്ട്. അക്കൂട്ടര്‍ക്ക്‌ ഭൂരിപക്ഷം കിട്ടിയാല്‍ അതും സംഭവിച്ചേക്കാം.


നിര്‍ബന്ധിക്കലും പ്രലോഭിപ്പിക്കലും വഴിയുള്ള മതപരിവര്‍ത്തനമേ നിരോധിക്കൂ എന്ന് പറയുന്നതില്‍ കെണിയുണ്ട്. എന്തിനെയും പ്രലോഭനമായും നിര്‍ബന്ധിതമായും വ്യാഖ്യാനിക്കാന്‍ കഴിഞ്ഞേക്കും. മാറിവന്നവന് ചിലപ്പോള്‍ പുനരധിവാസ സൗകര്യമോ മറ്റോ ചെയ്തു കൊടുക്കേണ്ടിവരും. അത് കൊടുത്തവനെയും മതം മാറിയവനെയും ജയിലിലടക്കാനും കഴിഞ്ഞേക്കും. ഈ നിയമ നിര്‍മാതാക്കള്‍ക്ക് കൂടി ഇസ്ലാമിന്‍റെ സത്യസന്ദേശം എത്തിച്ചുകൊടുത്തു അവരെ കാര്യങ്ങള്‍ ബോധ്യപെടുത്താനാണ് മുസ്‌ലിം സമൂഹം ഇത്തരുണത്തില്‍ സന്നദ്ധമാകേണ്ടത്.


ഇസ്ലാമെന്നു പറഞ്ഞാല്‍ ത്രീവവാദവും മുസ്‌ലിം എന്ന് പറഞ്ഞാല്‍ ത്രീവവാദിയുമാണെന്ന ധാരണയും പ്രചാരണവും ബലപ്പെട്ടു വരികയാണിന്നു.വാസ്തവത്തില്‍ ഇസ്‌ലാം മിതവാതത്തിന്റെ മതമാണ്‌. ആരാധന കാര്യങ്ങളില്‍ പോലും ത്രീവത പാടില്ലെന്നാണ് പ്രവാചകന്‍(സ) പഠിപ്പിച്ചത്. എന്നും രാത്രി ഉറങ്ങാതെ നമസ്കരിക്കുവെന്നും എന്നുമെന്നും നോമ്പ് എടുക്കുവെന്നും വിവാഹജീവിതം ദൈവാരാധനക്ക് വിഘാതമായതിനാല്‍ അതില്‍നിന്നും അകന്നു നില്‍ക്കുമെന്നും പറഞ്ഞവരെ ശക്തമായ ഭാഷയില്‍ പ്രവാചകന്‍ താക്കീത് ചെയ്തത് ഇതിനു തെളിവാണ്. സ്വഭവനങ്ങളില്‍ നിന്ന് ആട്ടിയോടിക്കപെടുകയും വിശ്വാസമനുസരിച്ച് ജീവിക്കാനുള്ള അനുമതി നിഷേധിക്കപെടുകയും ചെയ്യുമ്പോഴേ ആയുധമെടുക്കാന്‍ ഖുര്‍ആന്‍ അനുവാദം നല്‍കുന്നുള്ളൂ. അങ്ങനെയുള്ള യുദ്ധത്തില്‍ പോലും പാലിക്കേണ്ടുന്ന ഒരുപാട് നിയമങ്ങള്‍ ഉണ്ട്. ഫലവൃക്ഷങ്ങള്‍ മുറിക്കരുത്, സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിക്കരുത് തുടങ്ങിയ നിരവധി നിയമങ്ങള്‍.


യുദ്ധത്തിനു അനുമതി നല്‍കാത്ത ഏത് മതമാണുള്ളത്? രാമായണത്തിന്റെയും മഹാഭാരതത്തിന്റെയും അടിത്തറ തന്നെ യുദ്ധമാണ്; നീതി നടപ്പിലാക്കാനുള്ള, അല്ലെങ്കില്‍ അവകാശങ്ങള്‍ നേടിയെടുക്കാനുള്ള യുദ്ധങ്ങള്‍. യുദ്ധം നിരോധിക്കപ്പെട്ട ലോകത്ത് സമാധാനം ഉണ്ടാവില്ല. കാരണം എല്ലാവരും നിയമത്തിനു വിധേയമാകുവാന്‍ തയ്യാറല്ല. കുറെപേര്‍ വിധേയരാകും, കുറെപേര്‍ വിസമ്മതിക്കും. അവിടെ ബലപ്രയോഗം ആവശ്യമായി വരും. അന്യായമായി ഒരു മനുഷ്യ ജീവനെയും അപഹരിക്കാന്‍ ഇസ്‌ലാം അനുവാദം നല്‍കുന്നില്ല. ലോകത്തിന്‍റെ പല ഭാഗങ്ങളിലും പ്രത്യക്ഷപെട്ട തീവ്രവാദികള്‍ ആ വഴിക്ക് തിരിഞ്ഞത് കടുത്ത അവകാശ നിഷേധത്തിന്റെ ഫലമായാണെന്ന് കണ്ടെത്താന്‍ പ്രയാസമില്ല. എന്നാല്‍ നിരപരാധികളെ കൊന്നൊടുക്കുന്ന രീതി ആരു തന്നെ സ്വീകരിച്ചാലും നീതീകരിക്കാനാവില്ല. അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്ത സംഭവം; അതിനു പിന്നില്‍ ആരാണെങ്കിലും ആ ഭീകരാക്രമണത്തെ ഇസ്‌ലാമികമായി ന്യായീകരിക്കാനാവില്ല. ആ വിമാനങ്ങളിലുണ്ടായിരുന്ന യാത്രക്കാരുടെ അപ്പോഴത്തെ മനോനില ചിന്തിക്കാന്‍ പോലും കഴിയുന്നില്ല. മുസ്‌ലിം നാമധാരികള്‍ ചെയ്യുന്ന അക്രമത്തേയും മറ്റുള്ളവര്‍ ചെയ്യുന്ന ആക്രമണങ്ങളെയും ഇസ്ലാമിന്‍റെ അക്കൌണ്ടില്‍ എഴുതിച്ചേര്‍ക്കുന്ന മാധ്യമങ്ങളാണ് ഇസ്ലാമെന്നു പറഞ്ഞാല്‍ തീവ്രവാദമാണെന്ന ധാരണ പരത്തുന്നത്.


അമേരിക്ക പോലുള്ള രാജ്യങ്ങള്‍ക്ക് തീവ്രവാദം നിലനിര്‍ത്തേണ്ടതുണ്ട്. അവര്‍ക്ക് ലോകപോലീസ് ചമയണമെങ്കില്‍ ലോകത്തെവിടെയെങ്കിലും പ്രശ്നം വേണം. അവരുടെ ആയുധങ്ങള്‍ ചെലവാക്കാന്‍ യുദ്ധം വേണം. അതിനുള്ള സാഹചര്യം അവര്‍ തന്നെ ഒരുക്കേണ്ടിയും വരും. അതാണ്‌ അഫ്ഘാനിലും ഇറാഖിലുമൊക്കെ ഇന്ന് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. അവരുടെ മുതലാളിത്ത താത്പര്യങ്ങള്‍ക്ക് എതിര് നില്‍ക്കുന്ന ഇസ്‌ലാമിനെ ഏതായാലും അവര്‍ക്കൊന്നു പ്രതിക്കൂട്ടില്‍ നിര്‍ത്തുകയും വേണം. അത് അവരുടെ അജണ്ടയില്‍പെട്ടതാണ്. ഫലസ്തീന്‍ പോലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അവര്‍ക്ക് കഴിയും. പക്ഷെ, പരിഹരിക്കാതിരിക്കാനാണ് അവര്‍ ശ്രമിക്കുന്നത്.


ഇസ്ലാമെന്നു പറഞ്ഞാല്‍ കലഹമാണെന്ന ധാരണയില്‍ അതിനു വേണ്ടി ജീവിക്കുന്നവരോട് അത് തെറ്റാണെന്ന് പറയാന്‍ മുസ്ലിംങ്ങള്‍ തന്നെ ഒറ്റകെട്ടായി ഒരുങ്ങണം. അവകാശങ്ങള്‍ നിഷേധിക്കപെടുന്നുണ്ടെങ്കില്‍ പ്രായോഗികമായി സംഘടിക്കുക; സമാധാനമായി നേടിയെടുക്കാന്‍ സമരം ചെയ്യുക. സാധാരണക്കാരായ നിരപരാധികളെ കൊന്നൊടുക്കുന്നത് ആരാണെങ്കിലും അത് തികച്ചും അപലപനീയമാണ്. ലോക മുസ്‌ലിം പണ്ഡിതന്മാര്‍ മുന്‍പന്തിയില്‍ നിന്ന് അതിനെ എതിര്‍ക്കണം. ഭൗതിക താത്പര്യങ്ങള്‍ക്ക് വേണ്ടി അതിനെ പിന്തുണക്കരുത്‌.


അമുസ്‌ലിംകളോട് എനിക്ക് പറയാനുള്ളത് ഇതാണ്; നമ്മള്‍ എപ്പോള്‍ മരിക്കുമെന്നറിയില്ല. അതിനു മുമ്പായി ജീവിതലക്ഷ്യമെന്തെന്നു ചിന്തിക്കുക. അത് കണ്ടെത്താനുള്ള വഴികള്‍ അന്വേഷിക്കുക. മുന്‍ധാരണകള്‍ മാറ്റിനിര്‍ത്തി തുറന്ന മനസ്സോടെ ഇസ്ലാമിനെപ്പറ്റി പഠിക്കാന്‍ മുതിരുക. സ്വതന്ത്രമായി ചിന്തിക്കുക.


ദൈവ വിശ്വാസികളെല്ലെങ്കില്‍, ദൈവമുണ്ടോ എന്ന് കണ്ടെത്താന്‍ ശ്രമിക്കുക; അതിനു ഖുര്‍ആന്‍ നിങ്ങളെ സഹായിക്കും. തുറന്ന മനസ്സിനെ തൃപ്തരാക്കും. ദൈവത്തിനെ കണ്ടെത്തിയാല്‍ ജീവിതത്തിനു ലക്ഷ്യബോധം കൈവരും. മുസ്‌ലിം വായനക്കാരോട് ആത്മാര്‍ത്ഥമായി അപേക്ഷിക്കുകയാണ്; നിങ്ങള്‍ ഖുര്‍ആനും സുന്നത്തും പഠിക്കുക. ജീവിതത്തില്‍ പകര്‍ത്തുക, കഴിവിന്‍റെ പരമാവധി ഭയഭക്തിയോടെ ജീവിക്കുക. അറിഞ്ഞ കാര്യം അറിയാത്തവര്‍ക്ക് എത്തിക്കുക. സാമൂഹികമായി മുസ്‌ലിം കള്‍ക്ക് ഒരുപാട് മുന്നേറാനുണ്ട്. അതിനുവേണ്ടി പരിശ്രമിക്കുക. സ്ത്രീകള്‍ അര്‍ഹമായ അവകാശങ്ങള്‍നേടിയെടുക്കുക. അത് വക വെച്ച്കൊടുക്കാന്‍ സമൂഹം അമാന്തം കാണിക്കരുത്. എല്ലാവരും ബാധ്യതകള്‍ നിറവേറ്റുക; മരണം പിടികൂടുന്നതിന് മുമ്പായി

ഇസ്‌ലാംമതം സ്വീകരിക്കുന്നതില്‍ ബ്രിട്ടീഷ് വനിതകള്‍ മുന്നില്‍

ലണ്ടന്‍: മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറുടെ ഭാര്യാസഹോദരി ലോറന്‍ ബൂത്ത് ഇസ്‌ലാമിലേക്ക് മതംമാറിയതിനെ തുടര്‍ന്നു യുകെയില്‍ ഒരു ലക്ഷത്തില്‍പ്പരം പേര്‍ ഇസ്‌ലാം മതം സ്വീകരിച്ചതായി കണ്ടെത്തി. ഇവരില്‍ തന്നെ ഭൂരിപക്ഷവും ക്രിസ്ത്യന്‍ വനിതകളാണ്.
പത്തു വര്‍ഷം മുന്‍പ് ഇതിന്റെ പകുതിപ്പേര്‍ പോലും ഇസ്‌ലാമായിരുന്നില്ല. ലോകമെമ്പാടും ഇസ്‌ലാം മതത്തെ ഭീകരതയുമായി ബന്ധപ്പെടുത്താന്‍ ശ്രമം നടക്കുന്ന വേളയിലാണ് ബ്രിട്ടനില്‍നിന്നുള്ള ഈ വാര്‍ത്ത വരുന്നത്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മാത്രം ഇസ്‌ലാമിലേക്ക് മാറിയത് 5200 പേരാണ്. ഇതില്‍ തന്നെ 1400 പേര്‍ ലണ്ടനില്‍ മാത്രം മതം മാറിയവരാണ്. ഇത്തരത്തില്‍ മാറിയവരില്‍ 70 ശതമാനവും 27ല്‍ താഴെ പ്രായമുള്ള വെള്ളക്കാരായ വനിതകളാണ്.
മതം മാറിയവരില്‍ ചിലര്‍ ഭീകരതയുടെ വഴിയിലേക്കും പോയിട്ടുണ്ട്. ബ്രിസ്‌റ്റോളില്‍ റസ്‌റ്റോറന്റില്‍ ബോംബ് വയ്ക്കാന്‍ നോക്കിയ നിക്കി റീലി, ഷൂ ബോംബര്‍ റിച്ചാര്‍ഡ് റീഡ് എന്നിവര്‍ ഇക്കൂട്ടത്തില്‍പ്പെടുന്നു.
ഇറാന്‍ സന്ദര്‍ശനകാലത്തുണ്ടായ വിശുദ്ധ അനുഭവങ്ങളാണ് ലോറന്‍ ബൂത്തിനെ മതംമാറാന്‍ പ്രേരിപ്പിച്ചത്.
ടോണി ബ്ലെയറുടെ ഭാര്യ ചെറി ബ്ലെയറുടെ അര്‍ദ്ധ സഹോദരിയാണ് 43കാരിയായ ലോറന്‍ ബൂത്ത്. ബ്രോഡ്കാസ്റ്ററും ജേര്‍ണലിസ്റ്റുമായ ലോറന്‍ ഇപ്പോള്‍ ഹിജാബ് ധരിച്ചാണ് നടക്കുന്നത്. ദിവസവും അഞ്ചു നേരം നിസ്കരിക്കുന്ന ലോറന്‍ സൗകര്യം കിട്ടുമ്പോഴൊക്കെ അടുത്തുള്ള പള്ളിയില്‍ നിസ്കരിക്കാനും പോകും.
മൂന്നു മാസം മുന്‍പ് ലോറന്‍ ഇറാനിയിന്‍ പട്ടണമായ ഖൂമില്‍ ഫാത്തിമ അല്‍ മസുമേയുടെ പള്ളി സന്ദര്‍ശിച്ചിരുന്നു.
ആ സന്ദര്‍ശനകാലത്തുണ്ടായ വിശുദ്ധ അനുഭവങ്ങളാണ് തന്നെ മതംമാറാന്‍ പ്രേരിപ്പിച്ചതെന്ന് ലോറന്‍ പറയുന്നു.

2 അഭിപ്രായങ്ങൾ:

  1. ഇവിടെ മേല്‍ പറയപ്പെട്ടവരില്‍ ആരും തന്നെ വെറും സാധരനക്കരല്ല ഇസ്ലാമിനെ കുറിച്ച് ആഴാതില്‍ പഠിച്ചവരാണ്

    പണമോ പദവിയോ ആര്‍ക്കും വാക്ധനം ചെയ്തിട്ടുമില്ല അല്‍ഹംടുലില്ല ....റബ്ബിന്റെഅനുഗ്രഹം അപാരം.

    മറുപടിഇല്ലാതാക്കൂ